ഡാളസ്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുടെ ഭാഗമായി ലിഫ്റ്റ് ഡ്രൈവറെ കത്തിമുനയിൽ ആക്രമിച്ച് വാഹനം കവർന്ന കേസിൽ ടെക്സസിലെ ഫ്രിസ്കോ സ്വദേശിയായ 20 വയസുകാരന് 75 വർഷം തടവുശിക്ഷ. ആന്റ്വെയ്ൻ കാർമെൻ വില്യംസ് എന്ന യുവാവിനാണ് കോളിൻ കൗണ്ടി കോടതി ശിക്ഷ വിധിച്ചത്. ഫസ്റ്റ് ഡിഗ്രി ഫെലണി അഗ്രവേറ്റഡ് റോബറി കുറ്റം വില്യംസ് സമ്മതിച്ചിരുന്നു.
2024 ഡിസംബർ 16 നാണ് സംഭവം. കത്തിമുനയിൽ വാഹനശ്രമം നടന്നതായി ലഭിച്ച 911 കോളിനെ തുടർന്ന് ഫ്രിസ്കോ പൊലിസ് സ്ഥലത്തെത്തിയപ്പോഴാണ് ഗുരുതരമായി പരുക്കേറ്റ ലിഫ്റ്റ് ഡ്രൈവറെ കണ്ടെത്തിയത്. ഡ്രൈവറുടെ കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. കൈയ്ക്കും ആഴത്തിലുള്ള മുറിവേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായത്.
ലിഫ്റ്റ് നൽകിയ റൈഡ് ഷെയർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരനായ വില്യംസിനെ അന്വേഷണ ഉദ്യോഗസ്ഥർ വേഗത്തിൽ തിരിച്ചറിഞ്ഞത്. 13 വയസുകാരിയുമായി ബന്ധപ്പെട്ട് വില്യംസിനെതിരെ നേരത്തെ അറസ്റ്റ് വാറന്റ് നിലനിന്നിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. വില്യംസിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത സ്നാപ്ചാറ്റ് സന്ദേശങ്ങളാണ് കേസിൽ നിർണായകമായത്.
അന്നേ ദിവസം വാഹനം മോഷ്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ വില്യംസ് മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. തുടർന്ന് ടെക്സസ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ട്രൂപ്പർ ജസ്റ്റിൻ ഡിയാസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും മറ്റു ഭീഷണികളും ഇയാൾക്കെതിരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.